Sunday, December 18, 2011

സര്‍ക്കസ്സിന്റെ തുടക്കം


സര്‍ക്കസ് മനുഷ്യ മനസ്സുകളെ വിസ്മയതിന്റെയും ആനന്ദത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കായികാഭ്യാസ പ്രകടനനം .കാണികളെ ഹരം കൊള്ളിക്കുന്ന കാഴ്ച്ചയുടെ കൂടാരം .ഏതു നഗരത്തിലും ഉത്സവ പ്രതീതി ആണ് ഇത് നല്‍കുന്നത്.വ്യത്യസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന വൃത്താകാരത്തില്‍ ഉള്ള അരങ്ങ്.ഒരു ശരം പോലെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ സര്‍ക്കസ് പെട്ടെന്ന് തന്നെ എല്ലാവരെയും കീഴ്പ്പെടുത്തി.ഓരോ സ്ഥലങ്ങളിലും കൂടാരം ഉയരുമ്പോള്‍ ജനങ്ങള്‍ അമ്പരപ്പോടെ വരവേല്‍ക്കുന്നു .
ലാറ്റിന്‍ പദമായ സര്‍ക്കസ് ഗ്രീക്ക് പദമായ കിര്‍ക്കോസില്‍ നിന്നും രൂപം കൊണ്ടതാണ് .വൃത്തം എന്നാണു ഇതിന്റെ അര്‍ത്ഥം.പലതരത്തില്‍ ഉള്ള ഒരു കൂട്ടം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് യാത്ര ചെയ്യുന്ന സ്ഥാപനം എന്ന് കൂടി സര്‍ക്കസിനെ നിര്‍വചിക്കാം .ഇതിലെ അംഗങ്ങള്‍ ആകട്ടെ കായികാഭ്യാസികള്‍ ,ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന വിദൂഷകര്‍ ,കാഴ്ച്ചയെ മനോഹരം ആക്കുന്ന മൃഗങ്ങള്‍ ,ചിന്തയെ ഔന്നത്യത്തില്‍ എത്തിക്കുന്ന ജാലവിദ്യക്കാര്‍ എന്നിവരാണ് .
തങ്ങളുടെ രാജ്യത്താണ് സര്‍ക്കസ് ആദ്യം നടന്നതെന്നതിന്റെ അവകാശ തര്‍ക്കത്തിന്റെ മുന്‍ നിരയില്‍ ആണ് ഗ്രീസ്,ഇറ്റലി,ചൈന ,ഇംഗ്ലണ്ട് ,റഷ്യ തുടങ്ങിയവര്‍.ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ ആണ് സര്‍ക്കസ് അഭ്യാസവും മൃഗ ശിക്ഷണവും തുടങ്ങിയതെന്നും വാദിക്കുന്നുണ്ട് .എവിടെ ആണ് തുടങ്ങിയത് എന്നതിന് കൃത്യമായ രേഖകള്‍ ഇല്ല .ആദ്യ കാലം മുതല്‍ക്കേ മനുഷ്യര്‍ പലവിധം പ്രകടനങ്ങള്‍ കാഴ്ച വച്ചിരിക്കാം .
പുരാതന റോമാ സാമ്രാജ്യത്തില്‍ സര്‍ക്കസ് എന്നാല്‍ കുതിരകുടെയും കുതിര ഒട്ടക്കരുടെയും പ്രദര്‍ശന ശാല ആയിരുന്നു.റോമിലെ ആദ്യ സര്‍ക്കസ് മാക്സിമസ് ആണ് .ഈ സര്‍ക്കസ് ഗ്രീക്കിനെ ഏറെ സ്വാധീനിച്ചിരുന്നു .കുതിരകളുടെ അഭ്യാസ പ്രകടനം ആയിരുന്നു ഏറെ ആനന്ദിപ്പിച്ചിരുന്നത് .
സര്‍ക്കസിന്റെ പിതാമഹന്‍ ആയി അറിയപ്പെടുന്നത് റോമിലെ കര സൈന്യാധിപന്‍ ജനറല്‍ പോംപി ആണ് .റോമിലെ പാലത്തീന്‍ ,അവന്റൈന്‍ താഴ്വരകളില്‍ കൂടാരം കെട്ടി ആയിരുന്നു പ്രദര്‍ശനം നടത്തിയത് .പോംപി സംഘാടകന്‍ ആയിരുന്നു .കലാകാരന്‍ ആയിരുന്നില്ല .
സംഘടിതമായ രീതിയില്‍ സര്‍ക്കസ് ആരംഭിച്ചത് ഇംഗ്ലണ്ടില്‍ ആണ് .സ്വന്തമായി പാര്‍പ്പിടമോ ദേശമോ ഇല്ലാത്ത ഒരു സംഘം ആള്‍ക്കാര്‍ അവിടെ അധിവസിച്ചിരുന്നു. അവര്‍ വഴിയോരങ്ങളില്‍ കായിക പ്രകടനം നടത്തിയിരുന്നു .ഇവരെ വിളിച്ചിരുന്നത്‌ ജിപ്സികള്‍ എന്നാണ്.ഇവരുടെ പിന്തുടര്ച്ചക്കാരാണ് സര്‍ക്കസുകാര്‍ എന്ന അഭിപ്രായം ഉണ്ട് .ഇംഗ്ലണ്ടില്‍ സര്‍ക്കസിന്റെ പിതാവായി അറിയപ്പെടുന്നത് തോമസ്‌ കുക്ക് ആണ് .തോമസ്‌ കുക്ക് അദ്ധേഹത്തിന്റെ മകന്‍ തോമസ്‌ ടോപ്ലിന്‍ ,ആറ് അഭ്യാസികള്‍ കൂടി ചേര്‍ന്ന് കുക്ക്സ് റോയല്‍ സര്‍ക്കസ് 1750 ല്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു .ഇതോടെ ആദ്യ സര്‍ക്കസ് പിറവിയെടുത്തു .

No comments: